“
എന്തിനാണ് ഞാനെഴുതുന്നത്? അറിയില്ല. കൈതോലയ്‌ക്കെന്തിനാണ് മുള്ളുണ്ടാകുന്നത്? നായ്ക്കുരണയ്‌ക്കെന്തിനാണ് ചൊറിയന്‍പൊടിയുണ്ടായത്? ഇതുപോലെയുള്ള അനേകം ചോദ്യങ്ങള്‍ക്കുത്തരം എനിക്കറിഞ്ഞുകൂടാ. എങ്കിലും ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നത് നന്ന്-മറ്റുള്ളവരോടല്ല, അവനവനോടുതന്നെ. ഉത്തരം കിട്ടിയില്ലെങ്കിലും ചോദ്യം ഉത്തേജിപ്പിക്കും.
ഓരോ വസ്തുവും ഓരോ മാതിരിയാണ്; കൂട്ടത്തില്‍, ഞാനിങ്ങനേയും എന്നേ പറഞ്ഞുകൂടൂ. നമ്മുടെയൊക്കെ നിത്യജീവിതത്തിലെ ആഹ്ലാദങ്ങളുടേയും ദുഃഖങ്ങളുടേയും വെറുപ്പുകളുടേയും അസ്വാസ്ഥ്യങ്ങളുടേയും ശല്യങ്ങളുടേയും ഭീതികളുടേയുമൊക്കെ ഇടയ്ക്കാവും എന്തെങ്കിലും മനസ്സില്‍ വന്നുവീണു പറ്റിപ്പിടിച്ചു കിടക്കാന്‍ ഇടവരിക. ഇതൊന്നും ഉദാസീനരായ നമ്മള്‍ അറിയില്ല. പിന്നെ 'അതു' മനസ്സില്‍ കിടന്ന് ഉരുണ്ടുകൂടിവീര്‍ത്തുവരുമ്പോള്‍ 'അതു' സംഭവിക്കുന്നു എന്നു ഞാനറിയുന്നു.
ഒരു ഘട്ടത്തില്‍ (ഏതു ഘട്ടത്തില്‍?) അതു കടലാസ്സിലേക്കു പകര്‍ന്നുവീഴുമ്പോള്‍ 'അത്' ആരോടോ ആവേശത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്നു. ശ്രദ്ധ എഴുത്തിലായതുകൊണ്ട്, ഭാഷയും കാവ്യാര്‍ത്ഥവും തമ്മിലുള്ള മല്‍പിടുത്തത്തിലായതുകൊണ്ടാവാം, ആരോടാണ് സംസാരിക്കുന്നതെന്നറിയുന്നില്ല; എന്താണെന്നും അറിയുന്നില്ല. എങ്കിലും ഈ സംസാരിക്കലും പ്രധാനമാകുന്നു.
ഇതു സംഭവിക്കുമ്പോള്‍ ഞാന്‍ നിലനില്‍ക്കുന്നു, എന്റെ പ്രയോജനത്തെക്കുറിച്ച് ബോധമുണ്ടാവുന്നു. ഒരു കവിത ഉരുണ്ടുകൂടുകയോ പുറത്തേക്കു സംസാരിക്കുകയോ ചെയ്യാത്തപ്പോള്‍ ഞാന്‍ നിലനില്‍ക്കുന്നില്ല-അതുകൊണ്ടു കവിത എഴുതുന്നത് എനിക്കു പ്രധാനമാണ്. അതില്‍, അതിന്നുവേണ്ടി മാത്രം ഞാന്‍ ജീവിക്കുന്നു; പക്ഷേ, ആ ജീവിതം എത്ര കുറച്ചുമാത്രം! മരിച്ച നിമിഷങ്ങളുടെ, അല്ല, കാലത്തിന്റെ കൂറ്റന്‍ കൂമ്പാരത്തില്‍ പൂത്തുനില്‍ക്കുന്ന ഒരു പാവം തുമ്പക്കുടം മാത്രം!
”
”
N.N. Kakkad